വെച്ചൂച്ചിറ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണാൻ 200 ചതുരശ്രയടി വിസ്തീർണമുള്ള ബിഗ് സ്ക്രീൻ ഒരുക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ. ഇന്ന് രാത്രി ഏഴു മുതൽ ഫൈനൽ മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിപാടികൾ ആരംഭിക്കും.
വെച്ചൂച്ചിറ എടിഎം ഓഡിറ്റോറിയത്തിലാണ് പ്രദർശനവും പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്. മെഡികെയർ ഹോസ്പിറ്റൽ, ഫെയർഫീൽഡ് സ്പോർട്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
നാട്ടിലെ കലാകാരൻമാർ ഒരുക്കുന്ന കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും ഫൈനൽ മത്സരത്തിന് മുന്നോടിയായി ഒരുക്കിയിട്ടുണ്ട്. പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ രാജു എബ്രഹാം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രമാദേവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഭക്ഷണശാല, ഗെയിം പോയിന്റുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.